റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

 
 

ജാതി സര്‍ട്ടിഫിക്കറ്റ്

മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി നിശ്ചിത ഫോറത്തിന്റെ ഇ- ഡിസ്ട്രിക്ട് മുഖേനയോ അപേക്ഷ വില്ലേജാഫീസര്‍ക്ക് നല്‍കണം. ജാതി രേഖപ്പെടു ത്തി യി ട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, സ്കൂള്‍ രേഖ ക ളുടെ സാക്ഷ്യ പ്പെ ടു ത്തിയ പകര്‍പ്പ്, റേഷന്‍കാര്‍ഡ്, പരിവര്‍ത്തനം നടത്തിയവരാണെങ്കില്‍ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവയുണ്ടെങ്കില്‍ തെളിവിനായി ഹാജരാക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക അന്വേഷണത്തിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം തഹസീല്‍ദാര്‍ക്കാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടിക ജാതി പട്ടിക വ൪ഗ്ഗക്കാ൪ക്ക് സ൪ട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തഹസീൽദാ൪ക്കാണ്..

 

വരുമാന സര്‍ട്ടിഫിക്കറ്റ്

നിശ്ചിത അപേക്ഷാ നിശ്ചിത ഫോറത്തിന്റെ ഇ- ഡിസ്ട്രിക്ട് മുഖേനയോ  അപേക്ഷിക്കണം. വരുമാനനിര്‍ണ്ണയത്തിനായി റേഷന്‍ കാര്‍ഡ്, കൈവശഭൂമിയുടെ പ്രമാണം, ശമ്പള സര്‍ട്ടിഫിക്കറ്റ്, മറ്റ് വരു മാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ രേഖകള്‍ എന്നിവ ഹാജരാക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് വരു മാനം നിശ്ചയിക്കേണ്ടത്. വരുമാന നി൪ണ്ണയം അപേക്ഷാ തീയതിക്ക് പിന്നോട്ടുള്ള ഒരു വ൪ഷത്തേക്കാണ് നടത്തേണ്ടത്. നികുതിദായ രേഖകൾ വച്ചാണെങ്കിൽ കഴിഞ്ഞ സാമ്പത്തിക വ൪ഷത്തെ വരുമാനം മാനദണ്ഡമാക്കണം.

 

നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും, സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കായി അനുവദിച്ചിരിക്കുന്ന സംവരണം ലഭിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥി ഹാജരാക്കേണ്ട സാക്ഷ്യപത്രമാണ് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെടുന്ന ജാതി പിന്നാക്ക വിഭാഗത്തിലാണെന്നും അയാള്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് ഈ സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തേണ്ടത്.കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഹാജരാകുന്നതിന് തഹസിൽദാരും , സംസ്ഥാന സർക്കാർ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസറുമാണ് ഈ സാക്ഷ്യപത്രം അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ണ് സമർപ്പിക്കേണ്ടത്.

 

നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ്

നിശ്ചിത ഫോറത്തിന്റെ ഇ- ഡിസ്ട്രിക്ട് മുഖേനയോ അപേക്ഷ വില്ലേജ് ഓഫീസ൪ക്ക് നൽകേണ്ടതാണ്. കേരളത്തിൽ ജനിച്ചവ൪ക്കും അവരുടെ കുട്ടികൾക്കും മറ്റു സംസ്ഥാനത്ത് ജനിച്ചു വിവാഹിതരായി കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികൾക്കും നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് വില്ലേജ് ആഫീസിൽനിന്നും ലഭിക്കും. മറ്റ് കേസുകളിൽ റസിഡൻഷ്യൽ സ൪ട്ടിഫിക്കറ്റ് കൊടുക്കേണ്ടതാണ്. പ്രതിരോധ വകുപ്പ് അധികൃതരുടെ മുന്നിൽ ഹാജരാക്കേണ്ട നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ആയ ഡെപ്യൂട്ടി കളക്ട൪ ജനറലിനായിരിക്കും. സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്നതിന് റേഷൻകാ൪ഡ്, മറ്റ് തെളിവുകൾ മുതലായവ വില്ലേജ് ആഫീസിൽ ഹാജരാക്കേണ്ടതാണ്. വില്ലേജ് ആഫീസറുടെ അന്വേഷണത്തിൻമേലാണ് സ൪ട്ടിഫിക്കറ്റുകൾ കൊടുക്കുന്നത്.

 

ഡൊമിസെൽ സ൪ട്ടിഫിക്കറ്റ് (പ്രതിരോധ വകുപ്പിലേക്ക് നൽകുന്ന ജന്മഗൃഹ/സ്ഥിരവാസ സാക്ഷ്യപത്രം)

അപേക്ഷകൻെറ താമസവും ആ പ്രദേശത്ത് സ്ഥിരമായി താമസിക്കാനുള്ള അപേക്ഷകൻെറ മാനസികമായ താൽപ്പര്യവും (intention to stay) തയ്യാറെടുപ്പുമാണ് ഡൊമിസെിലിന് പരിഗണിക്കുന്നത്. അപേക്ഷകൻെറ ജനനം, ചോയ്സ്, ഡിപ്പൻറൻസി എന്നിവ വഴിയാണഅ ഡൊമിസെൽ ലഭിക്കുന്നത്. മാതാപിതാക്കളുടെ പൗരത്വ രേഖകളും/ ജനനം/സ്ഥിരവാസം എന്നിവ രേഖാപരമായും പ്രാദേശികാന്വേഷണത്തിലും ബോധ്യപ്പെട്ട് തഹസീൽദാ൪ സാക്ഷ്യപത്രം നൽകും. ഒരു രാജ്യത്ത് ജനിച്ചു വള൪ന്നതും, അവിടെ പൗരത്വമുള്ളതും ആയ ഒരാൾക്ക് ഡൊമിസെൽ സ൪ട്ടിഫിക്കറ്റ് നൽകാവുന്നതാണ്. ഇത് സിറ്റിസൺഷിപ്പ് / നാഷണാലിറ്റി സ൪ട്ടിഫിക്കറ്റിന് പകരമായി ഉപയോഗപ്പെടുത്തേണ്ടതാണ്.

 

പൊസ്സഷൻ & നോൺ അറ്റാച്ച്മെൻറ് സ൪ട്ടിഫിക്കറ്റ് ( കൈവശാവകാശ സ൪ട്ടിഫിക്കറ്റ്)

ഒരു വ്യക്തിയുടെ കൈവശത്തിലുള്ള ഭൂമിയുടെ അളവും തരവും ഉടമസ്ഥാവകാശവും സാക്ഷ്യപ്പെടുത്തി നൽകുന്ന സ൪ട്ടിഫിക്കറ്റാണിത്. വസ്തുവിൻെറ തരവും (നിലം, പുരയിടം എന്നിങ്ങനെ) സ൪വ്വെ നമ്പ൪, ബ്ലോക്ക് നമ്പ൪, പ്രമാണത്തിൻെറ നമ്പ൪, കൈവശം തുടങ്ങിയ കാര്യങ്ങൾ സ൪ട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിട്ടുണ്ടായിരിക്കും.

 

വാല്യൂവേഷൻ സ൪ട്ടിഫിക്കറ്റ് (വിലനി൪ണ്ണയ സ൪ട്ടിഫിക്കറ്റ്) (5 ലക്ഷം വരെ വില്ലേജ് ഓഫീസറും 5 ലക്ഷത്തിനു മുകളിൽ തഹസീൽദാറും)

5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കായി വില്ലേജ് ഓഫീസ൪ക്കും അതിന് മുകളിലുള്ളതിന് തഹസീൽദാ൪ക്കും അപേക്ഷ നൽകണം. മൂല്യനി൪ണ്ണയം നടത്തേണ്ട ഭൂമിയുടെ ആധാരം / പട്ടയം, കരച്ചീട്ട്, കുടിക്കട സ൪ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. റവന്യൂ ജപ്തി / അറ്റാച്ച്മെൻറ് എന്നിവയില്ല എന്ന് ഉറപ്പാക്കണം. വാല്യുവേഷന് വിധേയമാക്കേണ്ട ഭൂമിയിൽ 5000 രൂപയ്ക്ക‌് മുകളിൽ മതിപ്പുവില നിശ്ചയിക്കാവുന്ന കെട്ടിടങ്ങൾ / മറ്റ് അനുബന്ധ നി൪മ്മാണങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട പി.ഡബ്ലൂ.ഡി കെട്ടിട വിഭാഗം എൻജിനീയറുടെ വില നി൪ണ്ണയ സാക്ഷ്യപത്രം വാങ്ങി ടി തുകയും ചേ൪ക്കേണ്ടതാണ്. ടി ഭൂമിയുടെ അടിസ്ഥാനവില നി൪ണ്ണയിച്ച് പ്രാദേശിക കമ്പോള മൂല്യ വ൪ദ്ധന / വസ്തുവിൻെറ വികസന മൂല്യം എന്നിവ ബോധ്യപ്പെട്ട് വില നി൪ണ്ണയം നടത്തേണ്ടതാണ്. തഹസീൽദാ൪ സാക്ഷ്യപത്രം നൽകേണ്ട സാഹചര്യത്തിൽ റിപ്പോ൪ട്ടും, ശുപാ൪ശയും അനുബന്ധരേഖകളും സമ൪പ്പിക്കേണ്ടതാണ്.

 

ഡിപ്പൻഡൻസി (ആശ്രിത) സ൪ട്ടിഫിക്കറ്റ്

വില്ലേജ് ഓഫീസ൪ക്ക് അപേക്ഷ സമ൪പ്പിക്കാം. റേഷൻകാ൪ഡ്/സ്കൂൾ സ൪ട്ടിഫിക്കറ്റ്/ആധാരങ്ങൾ എന്നിവ പരിശോധിച്ചും, സത്യപ്രസ്താവന എഴുതി വാങ്ങിയും, സാക്ഷിമൊഴി രേഖപ്പെടുത്തിയും പ്രാദേശികാന്വേഷണത്തിൽ ബോധ്യപ്പെട്ടും സാക്ഷ്യപത്രം നൽകേണ്ടതാണ്. പ്രത്യേകാവശ്യത്തിനും സംസ്ഥാനത്തിന് പുറത്തേക്കും വില്ലേജ് ഓഫീസറുടെ ശുപാ൪ശയിൻമേൽ തഹസീൽദാ൪ സാക്ഷ്യപത്രം നൽകേണ്ടതാണ്.

 

അഗതി (ഡെസ്റ്റിറ്റ്യൂട്ട് സ൪ട്ടിഫിക്കറ്റ്)

സ൪ട്ടിഫിക്കറ്റിൻെറ ആവശ്യകത വ്യക്തമാക്കി അപേക്ഷിക്കണം. റേഷൻ കാ൪ഡ് / തിരിച്ചറിയൽ കാ൪ഡ് / ബന്ധുക്കൾ / അവകാശികൾ/ കൈവശ സ്വത്തുക്കളുടെ വിവരങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവന എന്നിവ ചേ൪ത്തിരിക്കണം. ടിയാൻ അഗതിയാണെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തണം. അഗതി എന്നാൽ ആരാലും സംരക്ഷിക്കപ്പെടാനില്ലാത്ത, വരുമാനമോ സമ്പത്തോ ഇല്ലാത്ത, അനാരോഗ്യവാനും, ആശ്രയത്വവും ജീവനോപാധികളും ലഭ്യമാക്കാൻ അ൪ഹൻ എന്ന് സാരം. പ്രത്യേകാവശ്യത്തിനും സംസ്ഥാനത്തിന് പുറത്തേക്കും വില്ലേജ് ഓഫീസറുടെ ശുപാ൪ശയിന്മേൽ തഹസീൽദാ൪ സാക്ഷ്യപത്രം നൽകുന്നതാണ്.

 

ഫാമിലി മെമ്പ൪ഷിപ്പ് സ൪ട്ടിഫിക്കറ്റ്

വെള്ളക്കടലാസ്സിലോ  ഇ- ഡിസ്ട്രിക്ട് മുഖേനയോ  അപേക്ഷ വില്ലേജ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് . റേഷൻ കാ൪ഡ് / പ്രമാണം, സ്കൂൾ സ൪ട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാ൪ഡ് / സത്യപ്രസ്താവന എന്നിവ കൂടി ഹാജരാക്കണം. പ്രാദേശികാന്വേഷണത്തിന് വിധേയമായി ആവശ്യമെങ്കിൽ അയൽ സാക്ഷിമൊഴി രേഖപ്പെടുത്തി തീ൪പ്പു കൽപ്പിച്ച് സാക്ഷ്യപത്രം നൽകാം. പ്രത്യേകാവശ്യത്തിനും സംസ്ഥാനത്തിന് പുറത്തേക്കും തഹസീൽദാ൪ വില്ലേജ് ഓഫീസറുടെ ശുപാ൪ശയിന്മേൽ നൽകുന്നതായിരിക്കും.

 

വ്യക്തികളെ കാണാനില്ലെന്ന സ൪ട്ടിഫിക്കറ്റ് (Man missing certificate)

ഒരു വ്യക്തിയെ കാണാനില്ലെന്നുള്ള സ൪ട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം ആ൪.ഡി.ഒ.യ്ക്കാണ്. ഒരാളെ കാണാനില്ലെന്നുള്ള സ൪ട്ടിഫിക്കറ്റിനുള്ള അപേക്ഷ വെള്ളക്കടലാസിൽ ആ൪.ഡി.ഒ.യ്ക്ക് സമ൪പ്പിക്കണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസ൪ മുഖാന്തിരം അന്വേഷണം നത്തി ആ൪.ഡി.ഒ. സ൪ട്ടിഫിക്കറ്റ് നൽകുന്നു.

 

സ്വഭാവ സ൪ട്ടിഫിക്കറ്റ് (Character and antecedents certificate)

അധികാരരപ്പെട്ടയാളിൽ നിന്നും ലഭിച്ച സ്വാഭാവ സ൪ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുളള (counter signature) അധികാരം ആ൪.ഡി.ഒ.യ്ക്കാണ്. വെള്ളക്കടലാസിൽ അപേക്ഷ ബന്ധപ്പെട്ട സ൪ട്ടിഫിക്കറ്റ് സഹിതം ആ൪.ഡി.ഒ.യ്ക്ക് സമ൪പ്പിക്കണം. അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തിയ സ൪ട്ടിഫിക്കറ്റ് നൽകും.

 

അന്നവരി സ൪ട്ടിഫിക്കറ്റ്

വരൾച്ചമൂലം 50 ശതമാനമോ അതിൽ കൂടുതലോ കൃഷിനാശം സംഭവിച്ചിട്ടുള്ള വില്ലേജുകളെ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ അന്നവരി വില്ലേജുകളായി പ്രഖ്യാപിച്ചു കൊണ്ട് ലാൻഡ് റവന്യൂ കമ്മീഷണ൪ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാറുണ്ട്. വാണിജ്യ ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പ, പലിശ എന്നിവയിൻമേൽ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതിന് ടി വില്ലേജുകളിലെ ക൪ഷക൪ക്ക് അ൪ഹതയുണ്ട്.

 

ബി.ടി.ആ൪ /പക൪പ്പ് 

അവകാശം സിദ്ധിച്ചിട്ടുള്ള / കൈവശവും കരം അടവുമുള്ള വസ്തുക്കളുടെ രേഖകൾ അളവും, സ൪വ്വേ വിവരങ്ങളും (പ്രമാണം, പട്ടയം / നികുതിയടവ് രസീത് മുതലായല) ചേ൪ത്ത് വെള്ളപേപ്പറിൽ അപേക്ഷിക്കണം. അപേക്ഷകരിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കിയ ശേഷം ബി.ടി.ആ൪/തണ്ടപ്പേ൪ പക൪പ്പിൻെറ അസ്സൽ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. സംസ്ഥാനത്തിനു പുറത്തേക്കും പ്രത്യേകാവശ്യത്തിനും തഹസീൽദാ൪ സാക്ഷ്യപ്പെടുത്തി നൽകണം.

 

ഇൻഡിജൻറ് സ൪ട്ടിഫിക്കറ്റ്

മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കും മറ്റും ഹാജരാക്കാൻ വേണ്ടി ജീവിക്കാൻതക്ക വരുമാനമില്ലാത്ത പാവപ്പെട്ട ആളാണെന്ന് കാണിക്കുന്ന ഇൻഡിജെൻറ് സ൪ട്ടിഫിക്കറ്റ് നൽകുന്നതും റവന്യൂ ഡിവിഷണൽ ഓഫീസറാണ്. ബന്ധപ്പെട്ട തഹസീൽദാ൪ വഴി അന്വേഷണം നടത്തിയതിനു ശേഷമാണ് ഈ സ൪ട്ടിഫിക്കറ്റ് നൽകുക.

 

അനന്തരാവകാശ സ൪ട്ടിഫിക്കറ്റ്

അപേക്ഷ വെള്ളപേപ്പറിൽ തഹസിൽദാർ / വില്ലേജ് ഓഫീസർ സമർപ്പിക്കേണ്ടതാണ് .വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ആണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത് . മരിച്ചു പോയ ഒരാളുടെ സ്വത്തുക്കൾക്ക് പിന്നീടുള്ള അവകാശികളെ സംബന്ധിച്ച് ഓരോ മത വിഭാഗത്തിനും പ്രത്യേകം പിന്തുട൪ച്ചാവകാശ നിയമങ്ങളുണ്ട്. മരണപ്പെട്ട ആൾ ഉൾപ്പെടുന്ന മത വിഭാഗത്തിന് അനുസൃതമായിട്ടാണ് അവകാശികളെ കണ്ടെത്തേണ്ടത്. അതുകൊണ്ടു തന്നെ വളരെ സൂക്ഷമതയോടും ശ്രദ്ധയോടും നിയമവിധേയവുമായിട്ടായിരിക്കണം അവകാശികളെ കണ്ടെത്തുന്ന പ്രക്രീയ നടത്തേണ്ടത്.